Kerala
പത്തനംതിട്ട: ഗുണ്ടാ പിരിവ് നൽകാൻ വിസമ്മതിച്ചതിന് സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതി ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാപ്പ കേസ് പ്രതി തിരുവല്ല കുറ്റപ്പുഴ പാപ്പാനവേലിൽ ‘മരണം സുബിൻ’ എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടർ (27), മുപ്പിരിയിൽ ബെർലിൻദാസ് (38) എന്നിവരാണ് അറസ്റ്റിലായത്.
ഒളിവിലുള്ള മറ്റ് മൂന്ന് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. ഇതിൽ ഒരാൾ കൂടി പിടിയിലായതായി സൂചനയുണ്ട്.
പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതികൾ, സ്പായിൽനിന്ന് 25,000 രൂപ ബലംപ്രയോഗിച്ച് തട്ടിയെടുത്താണ് മടങ്ങിയത്. 50,000 രൂപയാണ് പ്രതികൾ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടത്.
10,000 രൂപ നൽകാമെന്ന് ഉടമ സമ്മതിച്ചെങ്കിലും അത് പോരെന്ന് പറഞ്ഞ് റിസപ്ഷനിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളിൽ ഒരാളെ മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നിനാണ് സംഭവം. അന്നുതന്നെ സ്പാ ജീവനക്കാരി പോലീസിൽ പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം, മോഷണം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി 11 കേസുകളിൽ പ്രതിയാണ് സുബിൻ. കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്ന ഇയാൾ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ബെർലിൻ ദേഹോപദ്രവക്കേസിൽ പ്രതിയാണ്.
National
ജയ്പുർ: കാമുകന്റെ കൂടെ ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. കഴിഞ്ഞ 30ന് നടന്ന സംഭവത്തിൽ രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ സ്വദേശിയായ ആഷിഷാണ് കൊല്ലപ്പെട്ടത്.
കേസിൽ ആഷിന്റെ ഭാര്യ അഞ്ജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആദ്യം വാഹനാപകടമാണെന്ന് കരുതിയ സംഭവമാണ് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്. മൂന്നു മാസങ്ങൾക്കു മുമ്പാണ് ആഷിഷും അഞ്ജുവും വിവാഹിതരായത്.
നടക്കാൻ പോകുന്നതിനിടെ തങ്ങളെ ഒരു വാഹനം ഇടിച്ചെന്നും ഭർത്താവ് മരണപ്പെട്ടുവെന്നുമാണ് യുവതി മൊഴി നൽകിയത്. കാറിലുള്ളവർ തന്റെ സ്വർണാഭാരണങ്ങളും മറ്റും കവർന്നുവെന്നും ഇവർ പറഞ്ഞിരുന്നു.
ആഷിഷിന്റെ ശരീരത്തിൽ വാഹനാപകടത്തിന് പുറമെ കണ്ട പരിക്കുകളിൽ പോലീസിന് നേരത്തേ തന്നെ സംശയം തോന്നിയിരുന്നു. മെഡിക്കൽ റിപ്പോർട്ടിൽ കഴുത്തു ഞെരിച്ചതിനെ തുടർന്നാണ് ആഷിഷ് മരിച്ചതെന്നും വ്യക്തമായതോടെ സംശയം അഞ്ജുവിലേക്ക് നീളുകയായിരുന്നു.
എന്നാൽ അപകടത്തിലും ആഭരണങ്ങൾ കൈക്കലാക്കാനുള്ള ശ്രമങ്ങൾക്കിടയിലും അഞ്ജുവിന് കാര്യമായ പരിക്കുകളില്ലാതിരുന്നതും സംശയം ബലപ്പെടുത്തി. തുടർന്ന് വിശദമായ അന്വേഷണത്തിനുശേഷം നടത്തിയ ചോദ്യം ചെയ്യലിൽ അഞ്ജു കുറ്റം സമ്മതിക്കുകയായിരുന്നു.
തന്നെ കൊള്ളയടിച്ചെന്ന് വരുത്തിത്തീർക്കാൻ അഞ്ജു ആഭരണങ്ങളും മറ്റും കാമുകനായ സഞ്ജുവിന് നൽകിയിരുന്നു. സംഭവ ദിവസം നടക്കാൻ പോയ ആഷിഷിനെ അഞ്ജുവിന്റെ കാമുകൻ രോഹിത്തും സുഹൃത്ത് സിദ്ധാർഥും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് വാഹനാപകടമെന്ന് വരുത്തിത്തീർക്കാൻ കാറിടിപ്പിക്കുകയായിരുന്നു.
Kerala
കൊല്ലം: മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തതിന് പോലീസിനെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ. കൊട്ടാരക്കരയിൽ വച്ച് കൺട്രോൾ റൂം എസ്ഐ രാജേഷ് കുമാർ, സിപിഒ നിക്സൺ എന്നിവരെ ആക്രമിക്കാൻ ശ്രമിച്ച വെങ്കിടേഷ്, മനീഷ് എന്നിവരാണ് പിടിയിലായത്.
മദ്യപിച്ച് രണ്ട് പേർ വാഹനത്തിൽ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കൊട്ടാരക്കര റെയിൽവേ ഓവർ ബ്രിഡ്ജിൽവച്ച് പോലീസ് ഇവരെ തടയുകയായിരുന്നു. തുടർന്ന് പ്രകോപിതരയി പ്രതികൾ പോലീസുകാരെ അസഭ്യം വിളിക്കുകയും എസ്ഐയുടെ ഷർട്ട് വലിച്ചു കീറാൻ ശ്രമിക്കുകയുമായിരുന്നു.
ഇത് തടയാനെത്തിയ സിപിഒയെ പ്രതികൾ കൈയേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച പ്രതികൾ സെല്ലിൽ കിടന്നും പോലീസുകാരെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
Kerala
പത്തനംതിട്ട: ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവര്ത്തകന് ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് പിൻ തുടർന്ന് പിടികൂടി. ഞായറാഴ്ച പുലർച്ചെ റാന്നി പെരുമ്പുഴ പാലത്തിന് സമീപം പോലീസ് നടത്തിയ പരിശോധനയിലാണ് സഞ്ജു മനോജ് (24) മുഹമ്മദ് ആഷിഖ് (19) എന്നിവർ പിടിയിലായത്.
സഞ്ജു ഇന്നു നടക്കുന്ന ഡിവൈഎഫ്ഐ പത്തനംതിട്ട ബ്ലോക്ക് സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുക്കേണ്ട ആളായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരുടെ കാര്‍ കുറുകെ പോലീസ് വാഹനം നിര്‍ത്തി തടഞ്ഞിട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
പിടികൂടിയ ഉടന്‍ തന്നെ ഇരുവരുടേയും മൊബൈല്‍ ഫോണ്‍ സിഐ കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള സഞ്ജുവിന്റെ ഫോണിലേക്ക് ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് വിളിച്ചപ്പോഴാണ് കസ്റ്റഡിയിലായ വിവരം അറിഞ്ഞത്.
Kerala
കൽപ്പറ്റ: മാനന്തവാടിയിൽ വൻ കുഴൽപ്പണ വേട്ട. 31 ലക്ഷം രൂപയുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കേരള-കര്‍ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടിയില്‍ നടത്തിയ വാഹനപരിശോധനയിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് സാമറിനാണ് പിടിയിലായത്.
ഞായറാഴ്ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് സാമറിന്‍. എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ സംശയം തോന്നിയ യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് രേഖകളില്ലാതെ കടത്തിയ പണം കണ്ടെത്തിയത്.
പണം കൊടുവള്ളിയിൽ ഒരാൾക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്ന് ഇയാൾ മൊഴി നൽകി. തുടര്‍നടപടികള്‍ക്കായി പണം ആദായ നികുതി വകുപ്പിന് കൈമാറുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
National
ബംഗളൂരു: കൊറിയൻ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ വിമാനത്താവള ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 19ന് ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തിലുണ്ടായ സംഭവത്തിൽ അഫാൻ അഹമ്മദാണ് പിടിയിലായത്.
ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ യുവതിയുടെ ബാഗേജ് പരിശോധിച്ചത് അഫാൻ അഹമ്മദായിരുന്നു. സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽ നിന്നും ബീപ് ശബ്ദം കേട്ടതോടെ കൂടുതൽ പരിശോധന നടത്തണമെന്ന് അഫാൻ ആവശ്യപ്പെട്ടു.
തുടർന്ന് പുരുഷന്മാരുടെ വിശ്രമമുറിയിലേക്ക് കൊണ്ടുപോയെന്നും അവിടെ വച്ച് ലൈംഗികാതിക്രമ ശ്രമമുണ്ടായെന്നും യുവതി പറഞ്ഞു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
Kerala
തിരുവനന്തപുരം: ഡോക്ടറെ അസഭ്യം വിളിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മലയിൻകീഴ് താലൂക്ക് ആശുപത്രിയിലുണ്ടായ സംഭവത്തിൽ പൂവാർ കരുംകുളം സ്വദേശി എസ്.ആദർശാണ് പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ആദർശ് മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഈ സമയം ഡ്യൂട്ടി ഡോക്ടർ സീറ്റിലുണ്ടായിരുന്നില്ല.
തുടർന്ന് ഡോക്ടറെയും മറ്റ് ജീവനക്കാരെയും ഇയാൾ അസഭ്യം വിളിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഡോക്ടറെ അധിക്ഷേപിച്ചതിനും ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തിയതിനും വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തെന്ന് മലയിൻകീഴ് പോലീസ് പറഞ്ഞു.
NRI
ന്യൂജഴ്സി: സ്വന്തം മക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജ യുഎസിൽ അറസ്റ്റിൽ. ഹിൽസ്ബറോയിലെ വസതിയിൽ അഞ്ചും ഏഴും വയസുള്ള മക്കളെ മരിച്ചനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രിയദർശിനി നടരാജനെ (35) പോലീസ് പിടികൂടിയത്.
ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികളുടെ പിതാവാണ് അബോധാവസ്ഥയിൽ കിടക്കുന്ന മക്കളെ കണ്ടത്. തുടർന്ന് ഇദ്ദേഹം വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ഷെൽ കോർട്ടിലെ വീട്ടിലെത്തിയ പോലീസ് കുട്ടികളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രിയദർശിനി പിടിയിലായത്.
ഇവരെ അറസ്റ്റ് ചെയ്ത് സോമർസെറ്റ് കൗണ്ടി ജയിലിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Kerala
കോഴഞ്ചേരി: ബംഗളൂരുവില്‍ നിന്നും വില്പനയ്ക്കായി എംഡിഎംഎ എത്തിച്ചു നല്കിയ യുവാവിനെ കോയിപ്രം പോലീസ് പിടികൂടി. പത്തനംതിട്ട ഇലന്തൂര്‍ പുന്നക്കപ്പടി പാമ്പാടിമണ്ണില്‍ ഷിനോ ബി. ഏബ്രഹാം (27) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഒക്ടോബര്‍ 23നു കടത്തിക്കൊണ്ടുവന്ന 20.848 ഗ്രാം എംഡിഎംഎ യുമായി ആറന്മുള സ്വദേശിയായ തുണ്ടുമണ്ണില്‍ വീട്ടില്‍ രാഹുല്‍ മോഹനെ(31) മാരാമണ്‍ നെടുംപ്രയാറിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും കോയിപ്രം പോലീസ് സബ് ഇന്‍സ്പെക്ടര്‍ രാജീവ് പിടികൂടിയിരുന്നു.
തുടര്‍ന്ന് ലഹരിമരുന്നിന്റെ ലഭ്യതയെ സംബന്ധിച്ചു കോയിപ്രം പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നിരന്തര അന്വേഷണം നടത്തിയതില്‍ അന്വേഷണം ഷിനോയിലേക്ക് എത്തുകയായിരുന്നു. ഷിനോയാണ് ബംഗളൂരുവില്‍ നിന്നും രാഹുലിന് എംഡിഎംഎ എത്തിച്ചു നല്‍കിയിരുന്നതെന്ന വിവരം ലഭിച്ചു.
വീട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത സമയം പ്രതിയില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തതിനെ തുടര്‍ന്ന് ആറന്മുള പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ സുനി മോന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രാജീവ്, സിപിഒമാരായ ജയേഷ്, പരശുറാം, അഖില്‍, ബിനു, ജിതിന് എന്നിവരടങ്ങിയ സംഘമാണ് ഷിനോയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
Kerala
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ എസ്ഐയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം കവർന്ന യുവാവ് പിടിയിൽ. മാളികപ്പുറം 15-ാം നമ്പർ അരവണ കൗണ്ടറിലെ ജീവനക്കാരൻ മാവേലിക്കര കണ്ടിയൂർ അറയ്ക്കൽ തെക്കതിൽ ജിഷ്ണു സജികുമാറിനെയാണ് ദേവസ്വം വിജിലൻസ് പിടികൂടിയത്.
തമിഴ്നാട്ടിൽനിന്ന് ദർശനത്തിനെത്തിയ ചെന്നൈയിലെ എസ്ഐ വടിവേലിന്റെ എടിഎം കാർഡ് ഉപയോഗിച്ച് ഇയാൾ 10,000 രൂപ കവരുകയായിരുന്നു. സന്നിധാനത്തെ കൗണ്ടറുകളിൽ അപ്പം, അരവണ എന്നിവ നൽകുന്നത് ധനലക്ഷ്മി ബാങ്ക് നിയോഗിച്ചിട്ടുള്ള ഒരു സ്വകാര്യകമ്പനിയാണ്. ഈ കമ്പനിയിലെ ജീവനക്കാരനാണ് ജിഷ്ണു.
വടിവേൽ അപ്പവും അരവണയും പ്രസാദവും വാങ്ങിയശേഷം എടിഎം കാർഡ് സ്വൈപ്പ് ചെയ്യാൻ ജിഷ്ണുവിന് നൽകി. ഈ സമയം ജിഷ്ണു രഹസ്യ പിൻ നമ്പർ മനസിലാക്കി. സ്വൈപ്പ് ചെയ്യാൻ നൽകിയ കാർഡിന് പകരം കൈയിൽ കരുതിയ മറ്റൊരു കാർഡാണ് ഇയാൾ എസ്എക്ക് തിരിച്ചുനൽകിയത്.
ഇതറിയാതെ എസ്എയും സംഘവും ദർശനം കഴിഞ്ഞ് മടങ്ങി. തുടർന്ന് ജിഷ്ണു മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് സന്നിധാനത്തെ ധനലക്ഷ്മി ബാങ്ക് ശാഖയിൽനിന്ന് 10,000 രൂപ പിൻവലിച്ചു.
പണം പിൻവലിച്ചെന്ന സന്ദേശം എസ്എയുടെ മൊബൈൽ ഫോണിൽ ലഭിച്ചതോടെയാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Kerala
കണ്ണൂര്‍: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കൊള്ളയിൽ തന്ത്രിക്കും മന്ത്രിക്കും പങ്കുണ്ട്. ഇരുവരും ചേർന്നുള്ള കൂട്ടുകച്ചവടമാണ് ശബരിമലയിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയതും സംരക്ഷിച്ചതും ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാം. രാഷ്ട്രീയ നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ട്. തന്ത്രിയേക്കാള്‍ മുകളിലാണ് ദേവസ്വം ബോര്‍ഡ്. തന്ത്രിയെ മന്ത്രിയായിരുന്നു നിയന്ത്രിക്കേണ്ടിയിരുന്നത്.
മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ട് എന്തായി. അതിന്റെ ഫലമെന്തെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്കും വിശ്വാസികൾക്കും അവകാശമുണ്ട്. തനിക്ക് പറയാനുള്ളത് എസ്ഐടി കേട്ടുവെന്നാണ് കടകംപള്ളി പറഞ്ഞത്.
അദ്ദേഹത്തിന്റെ അഭിമുഖം രേഖപ്പെടുത്താനാണോ അന്വേഷണ സംഘം എത്തിയത്. കേസിൽ ഉന്നതരെ പിടികൂടേണ്ടതുണ്ടെന്ന് ഹൈക്കോടതി ആവർത്തിച്ച് പറഞ്ഞു. ഉന്നതരുടെ നിർദേശം ഇല്ലാതെ സ്വർണം മോഷ്ടിക്കാൻ കഴിയില്ല.
അന്തർദേശീയ ബന്ധമുള്ള കൊള്ളയാണ് നടന്നത്. വരും ദിവസങ്ങളിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്. ശബരിമല വിഷയത്തില്‍ പാർട്ടി നിലപാട് പറഞ്ഞിട്ടുണ്ട്. കുറ്റവാളികള്‍ ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരും.
കുറച്ച് സമയമെടുത്തായാലും ശബരിമല സ്വര്‍ണക്കൊള്ളയിലെ എല്ലാ വിവരങ്ങളും പുറത്തുവരും. കളവ് പറയാന്‍ എളുപ്പമാണ്. പക്ഷെ സത്യം ചെയ്ത് കാണിച്ച് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അല്പം കാലതാമസമുണ്ടാകും. തന്ത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായതിനാലാകാം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ആരെയും രക്ഷിക്കാന്‍ സര്‍ക്കാരോ പാര്‍ട്ടിയോ ഉദ്ദേശിക്കുന്നില്ല. തങ്ങളുടെ കൈകള്‍ ശുദ്ധമാണ്. തന്ത്രിയെ ദൈവതുല്യനെന്ന് പത്മകുമാര്‍ വിളിച്ചെങ്കില്‍ അതേക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ടി.പി.രാമകൃഷ്ണന് പറഞ്ഞു.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുടെ അടുത്ത് എങ്ങനെയെത്തി. കോൺഗ്രസിലെ പ്രമുഖ നേതാക്കൾക്ക് പോലും അവിടെ എത്തിച്ചേരാൻ കഴിയുന്നില്ല. സ്വർണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് പറയുന്നില്ല.
പോറ്റി എങ്ങനെ സോണിയ ഗാന്ധിയുടെ അടുത്തുവരെ എത്തിയെന്ന ചോദ്യത്തിന് ഉത്തരം വേണം. ഇതിനെക്കുറിച്ച് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രതികരിക്കണമെന്നും ടി.പി.രാമകൃഷ്ണന് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായതിനു പിന്നാലെ പ്രതികരണവുമായി തന്ത്രി കണ്ഠരര് രാജീവര്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മെഡിക്കൽ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ അദ്ദേഹം മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
ആരെങ്കിലും കുടുക്കിയതാണോയെന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ സ്വാമി ശരണമെന്ന മറുപടിയുമാണ് തന്ത്രി നൽകിയത്. മെഡിക്കൽ പരിശോധ പൂർത്തിയാക്കി തന്ത്രിയെ കോടതിയിൽ ഹാജരാക്കാനായി കൊട്ടാരക്കരയിലേക്കു കൊണ്ടുപോയി.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുപ്പമുണ്ടായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് സൂചന. തന്ത്രിക്ക് പോറ്റിയുമായി അടുപ്പമുണ്ടായിരുന്നെന്ന് മറ്റു പ്രതികൾ മൊഴി നൽകിയിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിൽ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍. തന്ത്രി തന്റെ ബന്ധുവാണ്. ജീവിതത്തിൽ ഇതുവരെ ബ്ലാക്ക് മാർക്ക് കേൾപ്പിക്കാത്ത വ്യക്തിയാണ് കണ്ഠരര് രാജീവരെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു.
ശബരിമലയിലെ ഭരണപരമായ വീഴ്ചയ്ക്ക് തന്ത്രിയെ ബലിയാടാക്കി മറ്റാരെയെങ്കിലും രക്ഷപെടുത്താനാകുമെന്ന് വിചാരിച്ചു ചെയുന്നതാണോ എന്നറിയില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ജീവിതത്തിൽ ഇന്നേവരെ അദ്ദേഹം ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ല. ഒരു കുറ്റവും പഴിയും കേൾപ്പിച്ചിട്ടില്ല.
ബ്രാഹ്മണ സംഘടനകള്‍, ഹിന്ദു സംഘടനകള്‍, വിശ്വാസ സംഘടനകള്‍ എന്നിവരുമായി സംസാരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും തന്ത്രികുടുംബാംഗം കൂടിയായ രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ശബരിമല കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഒമ്പത് ഇടക്കാല വിധികളില്‍ ഒന്നില്‍ പോലും കണ്ഠരര് രാജീവരെ കുറിച്ച് പരാമര്‍ശമില്ല.
തന്ത്രിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കരുത്. എല്ലാവര്ക്കും നീതി വേണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയത്.
Kerala
തിരുവനന്തപുരം: ശബിമല സ്വർണക്കൊള്ളയില്‍ കണ്ഠരര് രാജീവരുടെ അറസ്റ്റില്‍ പ്രതികരിക്കാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. അവനവന് അർഹതപ്പെട്ടതിനെ കുറിച്ചെ സംസാരിക്കാവൂ. പ്രതികരിച്ച് വിവാദം ഉണ്ടാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ച രാവിലെ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിനുശേഷം തന്ത്രിയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. വളരെ രഹസ്യമായാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
സ്വർണക്കൊള്ളയിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് അന്നത്തെ തന്ത്രി കണ്ഠരര് രാജീവരാണെന്ന് എ.പത്മകുമാർ അടക്കമുള്ളവർ നേരത്തേ മൊഴി നൽകിയിരുന്നു. സ്വർണപ്പാളികളിൽ സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ സ്വർണം പൂശാൻ കൊണ്ടുപോകാൻ അനുവദിക്കാവുന്നതാണെന്ന കുറിപ്പ് നൽകിയതും കണ്ഠരര് രാജീവരായിരുന്നു.
Kerala
പത്തനംതിട്ട: പ്രണയിനിയുടെ അനുകമ്പ പിടിച്ചുപറ്റാൻ മനപൂർവം വാഹനാപകടമുണ്ടാക്കിയ കാമുകനും സുഹൃത്തും പിടിയിൽ. കഴിഞ്ഞ 23ന് പത്തനംതിട്ടയിൽ നടന്ന സംഭവത്തിൽ കോന്നി മാമ്മൂട് സ്വദേശി രഞ്ജിത്ത് രാജനും സുഹൃത്ത് പയ്യനാമൺ സ്വദേശി അജാസുമാണ് പിടിയിലായത്.
സ്കൂട്ടറിൽ വന്ന യുവതിയെ മനപൂർവം ഇവർ അപകടത്തിൽപ്പെടുത്തുകയായിരുന്നു. പിന്നാലെ നാടകീയമായി സ്ഥലത്തെത്തിയ കാമുകൻ കാറിൽ കയറ്റി യുവതിയെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വമ്പൻ ട്വിസ്റ്റ് പുറത്തായത്.
പ്രണയിനിയുടെ കുടുംബത്തിന്റെ അനുകമ്പ പിടിച്ചുപറ്റി അവരെ സ്വന്തമാക്കാനാണ് തങ്ങൾ അപകടമുണ്ടാക്കിയതെന്ന് യുവാക്കൾ മൊഴി നൽകി. നരഹത്യാശ്രമക്കേസിൽ അറസ്റ്റിലായ പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്.
Kerala
കൊട്ടാരക്കര: സർപ്പക്കാവിൽ ആക്രമണം നടത്തിയ കേസിൽ ബിജെപി സ്ഥാനാർഥിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പള്ളിക്കലിൽ നടന്ന സംഭവത്തിൽ പള്ളിക്കൽ സ്വദേശി രഘുവാണ് അറസ്റ്റിലായത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ബിജെപി സ്ഥാനാർഥിയുടെ ഭർത്താവാണ് പ്രതി. പള്ളിക്കലിലെ സർപ്പക്കാവിൽ അതിക്രമിച്ചു കയറിയ പ്രതി ശിവപ്രതിഷ്ഠ കടത്തിക്കൊണ്ടുപ്പോവുകയും നാഗപ്രതിഷ്ഠകൾ പിഴുതെറിഞ്ഞിരുന്നു.
കൂടാതെ കാവിന് മുന്നിലുള്ള ക്ഷേത്രത്തിലെ കൽവിളക്കുകൾ തകർക്കുകയും ഓഫീസിലെ കസേരകളും മേശയും നശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
Kerala
എരുമേലി : ശബരിമല തീർഥാടകരുടെ അര ലക്ഷം രൂപ കവർന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലിയിൽ നടന്ന സംഭവത്തിൽ തമിഴ്നാട് കള്ളകുറിച്ചി സ്വദേശി പെരിയസ്വാമി (65) ആണ് അറസ്റ്റിലായത്.
ഇയാൾ ശുചീകരണ വിഭാഗമായ വിശുദ്ധി സേനയിലെ അംഗമാണെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 11 ന് എരുമേലിയിൽ ദേവസ്വം ബോർഡിന്റെ വലിയ പാർക്കിംഗ് ഗ്രൗണ്ടിലാണ് സംഭവം. തിരുപ്പൂർ സ്വദേശികളുടെ പണമാണ് നഷ്ടപ്പെട്ടത്.
ഉടൻ തന്നെ ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ഐക്യനാടുകൾ ഒരു വിദേശ നേതാവിനെ അതത് രാജ്യത്തന്റെ നിയമപരമായ രാഷ്ട്രതലവനായി അംഗീകരണമെന്ന് നിയമം പിൻവലിച്ച സാഹചര്യത്തിൽ, ആ വ്യക്തിക്ക് അമേരിക്കൻ നിയമപ്രകാരം രാഷ്ട്രതലവന്റെ നിയമപരമായ അപ്രാപ്യത അവകാശപ്പെടാൻ കഴിയില്ല.
അത്തരത്തിൽ, അമേരിക്കൻ പ്രസിഡന്റ് പരിമിതമായ വിദേശനയം - ദേശീയസുരക്ഷാ നടപടിയായി ആ വ്യക്തിയെ പിടികൂടാൻ നിയമപരമായി അനുമതി നൽകാൻ അധികാരമുള്ളവനാണ്, പ്രത്യേകിച്ച് ഇത്തരം സാഹചര്യങ്ങളിൽ.
ഇത്തരത്തിലുള്ള നടപടി അമേരിക്കൻ ഭരണഘടനയുടെ ആർട്ടികൾ II പ്രകാരമുള്ള പ്രസിഡന്റിന്റെ അധികാരപരിധിക്കുള്ളിലായിരിക്കും. ഇത് യുദ്ധപ്രഖ്യാപനമായി കണക്കാക്കപ്പെടുകയില്ല, കൂടാതെ ചരിത്രപരമായ നിയമപരമ്പര്യങ്ങൾക്കനുസൃതവുമാണ്.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയ്ക്കെതിരേ അമേരിക്ക ചുമത്തിയ പ്രധാന കുറ്റങ്ങൾ താഴെപ്പറയുന്നതാണ്:
1. നാർക്കോ - ടെററിസം ഗൂഢാലോചന
അന്തർദേശീയ മയക്കുമരുന്ന് കടത്ത് ശൃംഖലകളുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട്, അക്രമാത്മക സംഘടനകൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ കൊക്കെയിൻ വ്യാപാരം നടത്തുകയും അമേരിക്കയുടെ സുരക്ഷയ്ക്കും താത്പര്യങ്ങൾക്കും ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്തുവെന്നാണ് ഈ കുറ്റാരോപണം.
2. അമേരിക്കയിലേക്കുള്ള കൊക്കെയിൻ കടത്തിനായുള്ള ഗൂഢാലോചന
വലിയ അളവിൽ കൊക്കെയിൻ അമേരിക്കൻ ഐക്യനാടുകളിലേക്ക് കടത്തുന്നതിനായി പദ്ധതികൾ തയാറാക്കുകയും അതിനാവശ്യമായ സൗകര്യങ്ങളും സംരക്ഷണവും നൽകുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
3. മെഷീൻഗണുകളും വിനാശകരായ ആയുധങ്ങളും കൈവശം വച്ചത്
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ നടപ്പാക്കുന്നതിനായി മെഷീൻഗണുകളും മറ്റ് വിനാശകരായ ആയുധങ്ങളും ഉപയോഗിക്കുകയും കൈവശം വയ്ക്കുകയും ചെയ്തുവെന്നാണ് ഈ കുറ്റം.
4. ആയുധങ്ങൾ കൈവശം വയ്ക്കാനുള്ള ഗൂഢാലോചന
മയക്കുമരുന്ന് - നാർക്കോ ടെററിസം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഇത്തരം ആയുധങ്ങൾ കൈവശം വയ്ക്കാൻ ഗൂഢാലോചന നടത്തിയെന്നതും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പശ്ചാത്തലവും അനുബന്ധ ആരോപണങ്ങളും
മഡുറോ "കാർട്ടൽ ഡി ലോസ് സോളസ്' എന്നറിയപ്പെടുന്ന, മുതിർന്ന വെനിസ്വേലൻ സൈനിക - രാഷ്ട്രീയ നേതാക്കളെ ഉൾക്കൊള്ളുന്ന മയക്കുമരുന്ന് -അഴിമതി ശൃംഖലയെ സംരക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്തുവെന്നുമാണ് അമേരിക്കൻ അധികാരികളുടെ ആരോപണം.
എഫ്എആർസി ഉൾപ്പെടെയുള്ള അന്തർദേശീയ കുറ്റസംഘടനകളുമായി ചേർന്ന് കൊക്കെയിൻ വ്യാപാരം നടത്താൻ മഡുറോയും കൂട്ടാളികളും ഗൂഢാലോചന നടത്തിയതായി കുറ്റപത്രം വ്യക്തമാക്കുന്നു.
നേരത്തെ, മഡുറോയെ അറസ്റ്റ് ചെയ്യുകയോ ശിക്ഷ വിധിക്കപ്പെടുകയോ ചെയ്യുന്നതിന് സഹായകമായ വിവരങ്ങൾ നൽകുന്നവർക്ക് ദശലക്ഷക്കണക്കിന് ഡോളർ പാരിതോഷികം അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
നിയമപരമായ പ്രത്യാഘാതങ്ങൾ
ഈ കുറ്റങ്ങൾ അമേരിക്കൻ ഫെഡറൽ കോടതികളിലാണ് (ഉദാഹരണം: സൗത്തേൺ ഡിസ്ട്രിക്കറ്റ് ഓഫ് ന്യൂയോർക്ക്) രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മയക്കുമരുന്ന് കടത്ത്, നാർക്കോ-ടെററിസം, ആയുധനിയമലംഘനം തുടങ്ങിയ ഫെഡറൽ നിയമങ്ങൾ ലംഘിച്ചതിന് കുറ്റം തെളിയുകയാണെങ്കിൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്നവയാണ്.
നിഗമനം
അമേരിക്കൻ ഐക്യനാടുകൾ വെനസ്വേലയിലെ ഒരു നേതാവിനെ നിയമപരമായ രാഷ്ട്രതലവനായി അംഗീകരിക്കാത്ത സാഹചര്യത്തിൽ, കോൺഗ്രസിന്റെ യുദ്ധപ്രഖ്യാപനം കൂടാതെ തന്നെ, ആ വ്യക്തിയെ പിടികൂടാൻ പ്രസിഡന്റിന് ഭരണഘടനാപരമായ അധികാരമുണ്ട്.
എന്നാൽ നടപടി പരിമിതവും ലക്ഷ്യബദ്ധവുമായിരിക്കണമെന്നും അത് ദേശീയ സുരക്ഷയിലോ ക്രിമിനൽ നിയമ നടപ്പിലാക്കലിലോ ആധാരമാക്കിയിരിക്കണമെന്നും പറയുന്നു.
ഇത്തരം അധികാരം പ്രസിഡന്റിന്റെ വിദേശരാജ്യങ്ങളെ അംഗീകരിക്കുന്നതിനുള്ള പ്രത്യേക അധികാരം, കമാൻഡർ-ഇൻ-ചീഫ് എന്ന നില, ചരിത്രപരമായ മുൻനിരൂപണങ്ങൾ, കൂടാതെ നിയമപരമായ അപ്രാപ്യതയുടെ അഭാവം എന്നിവയാൽ ശക്തമായി പിന്തുണയ്ക്കപ്പെടുന്നതാണ്.
Kerala
തിരുവനന്തപുരം: വർക്കലയിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് കുത്തേറ്റു. വർക്കല പാപനാശത്തുണ്ടായ സംഭവത്തിൽ സന്ദീപ്, സുരേഷ് എന്നിവർക്കാണ് കുത്തേറ്റത്.
പരിക്കേറ്റ ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വക്കം സ്വദേശിയായ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് പറഞ്ഞു.
Kerala
കോട്ടയം: ട്രെയിനില്‍വെച്ച് പോലീസ് ഉദ്യോഗസ്ഥനെ യാത്രക്കാരന് കുത്തിപ്പരിക്കേൽപ്പിച്ചു. കോട്ടയം ചിങ്ങവനത്തുവച്ചുണ്ടായ സംഭവത്തിൽ പരിക്കേറ്റ ചെങ്ങന്നൂര്‍ സ്വദേശിയായ സനൽകുമാർ ആശുപത്രിയിൽ ചികിത്സതേടി.
തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട മലബാർ എക്സ്പ്രസിൽ ബുധനാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. പ്രതി അനിൽകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ അനിൽകുമാറും ടിടിഇയുമായി വാക്കുതർക്കം ഉണ്ടായിരുന്നു.
ഇതിൽ ഇടപെട്ടപ്പോഴാണ് ആക്രമണമുണ്ടായത്. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ അനിൽകുമാറെന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: പുതുവത്സരദിനത്തിൽ തലസ്ഥാനത്ത് വൻ ലഹരിവേട്ട. കണിയാപുരത്ത് വീട് വാടകയ്ക്കെടുത്ത് ലഹരി ഉപയോഗിച്ച ഡോക്ടറടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29 ), കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29), തൊളിക്കോട് സ്വദേശി അജിത്ത് (30), കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്നേഷ് ദത്തൻ (34), പാലോട് സ്വദേശിനി അൻസിയ (37), കൊട്ടാരക്കര സ്വദേശിനി ഹലീന (27), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് നാല് ഗ്രാം എംഡിഎംഎ, ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 100 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. അറസ്റ്റിലായ കൊട്ടാരക്കര സ്വദേശിനി ഹലീന ബിഡിഎസ് വിദ്യാര്‍ഥിയാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയിൽ അസിമിന്റെ നേതൃത്വത്തിലുള്ള സംഘം കാറിൽ പോകുന്നതിനിടെ പോലീസ് പിടികൂടാൻ ശ്രമിച്ചിരുന്നു.
എന്നാൽ ഇവർ പോലീസ് ജീപ്പിൽ കാറിടിപ്പിച്ചശേഷം കടന്നുകളയുകയായിരുന്നു. തുടർന്ന് ഇവർ കണിയാപുരം ഭാഗത്തെ വാടകവീട്ടിലുണ്ടെന്ന വിവരത്തെത്തുടർന്ന് വ്യാഴാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായവരിൽ അസിം, അജിത്ത്, അൻസിയ എന്നിവർ നിരവധി ലഹരി കേസുകളിലെ പ്രതികളാണ്. രണ്ടു കാറുകളും രണ്ട് ബൈക്കുകളും പത്ത് മൊബൈലുകളു ഇവരിൽ പിടിച്ചെടുത്തു. ഡാൻസാഫ് സംഘം പിടികൂടിയ പ്രതികളെ കഠിനംകുളം പോലീസിന് കൈമാറി.
Kerala
നിലമ്പൂർ: വിൽപ്പനയ്ക്കായി സൂക്ഷിച്ച 34 ലിറ്റർ വിദേശ മദ്യവുമായി യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്.
വെള്ളാരംകുന്ന് വണ്ടാളി ബേബി (38) ആണ് അറസ്റ്റിലായത്. ഇവരുടെ നിർമ്മാണം നടക്കുന്ന വീടിനു പുറകിൽ മണ്ണിൽ കുഴിച്ചിട്ട നിലയിലാണ് മദ്യശേഖരം കണ്ടെത്തിയത്. പിടിയിലായ ബേബി മുൻപും അബ്കാരി കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സ്ഥിരം കേസുകളിൽ പെടുന്നവരെ എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിജു പി. എബ്രഹാമിന്റെ നേതൃത്വത്തിൽ സി.കെ. റംഷുദ്ദീൻ, കെ. ആബിദ്, ഇ. ഷീന, വിഷ്ണുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്.
Kerala
തിരുവനന്തപുരം: കഴക്കൂട്ടത്തെ ലോഡ്ജിൽ നാലു വയസുകാരൻ മരിച്ച സംഭവം കൊലപാതകം. അമ്മയുടെ സുഹൃത്ത് കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നത് താനാണെന്ന് അമ്മയുടെ സുഹൃത്തായ തൻബീർ ആലം പോലീസിനോട് പറഞ്ഞു.
രണ്ട് ദിവസം നീണ്ട് നിന്ന ചോദ്യം ചെയ്യലുകൾക്ക് ഒടുവിലാണ് തൻബീർ ആലം കുറ്റസമ്മതം നടത്തിയത്. കഴുത്തിൽ ടവ്വൽ മുറുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നായിരുന്നു കുറ്റസമ്മതം.
ഞായറാഴ്ചയാണ് കഴക്കൂട്ടത്തെ ലോഡ്ജിൽവച്ച് ബംഗാൾ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകൻ ഗിൽദാർ കൊല്ലപ്പെട്ടത്. മുന്നി ബീഗവും തൻബീർ ആലവും തമ്മിൽ തർക്കമുണ്ടായിരുന്നു.
ഇതിൽ പ്രകോപിതനായാണ് കുഞ്ഞിനെ ആക്രമിച്ചതെന്ന് തൻബീർ മൊഴി നൽകി. ആശുപത്രിയിലെത്തുമ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തൻബീറിന്റെ അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തും. അതേസമയം ചോദ്യം ചെയ്തെങ്കിലും കൃത്യത്തിൽ മുന്നി ബീഗത്തിന് പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Kerala
മലപ്പുറം: അഞ്ചംഗസംഘം വീടുകയറി ആക്രമണം നടത്തിയതായി പരാതി. മലപ്പുറം പാണ്ടിക്കാട് കുറ്റിപ്പുളിയിലുണ്ടായ സംഭവത്തിൽ 11 വയസുകാരി ഉൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു.
പർദ്ദ ധരിച്ചെത്തിയ സംഘമാണ് ചക്കാലക്കുത്ത് അബ്ദുവിന്റെ വീട്ടിൽ ആക്രമണം നടത്തിയത്. വീട് മുഴുവൻ പരിശോധന നടത്തിയ സംഘം എതിർക്കാൻ ശ്രമിച്ചവരെ ആയുധമുൾപ്പെടെ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
നാട്ടുകാർ എത്തിയതോടെ ആക്രമി സംഘത്തിലെ നാല് പേർ കാറിൽ കയറി രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
പിടിയിലായ ബേപ്പൂർ സ്വദേശി അനീസിനെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്. പരിക്കേറ്റ അബ്ദുവും കുടുംബവും പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.
Kerala
തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ നാലു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അമ്മയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം കഴക്കൂട്ടത്ത് നടന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിനി മുന്നി ബീഗത്തിന്റെ മകൻ ഗിൽദാറാണ് മരിച്ചത്. കേസിൽ മുന്നി ബീഗത്തിന്റെ സുഹൃത്ത് തൻബീർ ആലത്താണ് അറസ്റ്റിലായത്. മുന്നി ബീഗത്തെയും പോലീസ് ചോദ്യം ചെയ്തുവരുകയാണ്.
അനക്കമില്ലെന്നു പറഞ്ഞാണ് മുന്നി ബീഗം കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കഴുത്തിൽ അസ്വഭാവികമായ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കുട്ടിയുടെ കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കയറോ തുണിയോ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് സൂചന.
Kerala
മലപ്പുറം : നിലമ്പൂർ വനത്തിൽ സ്വർണ ഖനനത്തിന് ശ്രമിച്ച ഏഴു പേരെ വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു. മമ്പാട് പുള്ളിപ്പാടം സ്വദേശികളായ റസാക്, ജാബിർ, അലവികുട്ടി, അഷറഫ്, സക്കീർ, ഷമീം, സുന്ദരൻ എന്നിവരെയാണ് വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് പിടികൂടിയത്
നിലമ്പൂർ വനമേഖലയിൽ മരുത ഭാഗം മുതൽ നിലമ്പൂർ മോടവണ്ണ വരെയുള്ള ചാലിയാർ പുഴയുടെ ഭാഗങ്ങളിൽ മണലിൽ സ്വർണത്തിന്റെ അംശമുണ്ട്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തുവരുകയാണ്.
ഉദ്യോഗസ്ഥർ എത്തിയപ്പോൾ പ്രതികൾ സ്വർണം അരിച്ചെടുക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.
Kerala
പാലക്കാട്: കാരൾ സംഘത്തിന് നേരെ ആക്രമണം നടത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. ഞായറാഴ്ച രാത്രിയിൽ പാലക്കാട് പുതുശേരിയിലുണ്ടായ സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അശ്വിൻ രാജനാണ് അറസ്റ്റിലായത്.
കാരളിന് ഉപയോഗിച്ചിരുന്ന ബാന്റിൽ സിപിഎം എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. ആക്രമണത്തിൽ കുട്ടികൾ അടക്കമുള്ളവർക്കു പരിക്കേറ്റിരുന്നു. പ്രതി അശ്വിൻ രാജിനെതിരെ ഉടൻ കോടതിയിൽ ഹാജരാക്കും.
National
ലക്നോ: വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. ബുദാനിലാണ് സംഭവം.
എട്ടാംക്ലാസ് വിദ്യാർഥിനിയെ ശല്യം ചെയ്ത നാല് ആൺകുട്ടികളുടെ അമ്മമാരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. മക്കൾക്ക് നല്ല സംസ്കാരവും ധാർമികമൂല്യങ്ങളും പകർന്നുനൽകാത്തതിന് അമ്മമാരും ഉത്തരവാദികളാണെന്നും ഇതിന്റെ ഭാഗമായാണ് അറസ്റ്റെന്നും പോലീസ് പറഞ്ഞു. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചു.
സ്കൂളിലേക്ക് പോകുമ്പോഴും തിരികെവരുമ്പോളും എട്ടാം ക്ലാസ് വിദ്യാർഥിനിയെ നാല് ആൺകുട്ടികൾ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നു. അശ്ലീല കമന്റടിയും ശല്യപ്പെടുത്തലും തുടർന്നതോടെ പെൺകുട്ടി പിതാവിനെ വിവരമറിയിച്ചു.
തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. കുടുംബത്തിന്റെ പരാതിയിൽ ഭാരതീയ ന്യായസംഹിത(ബിഎൻസ്) പ്രകാരവും പോക്സോ നിയമപ്രകാരവും പോലീസ് കേസെടുത്തു.
തുടർന്ന് പോലീസ് അന്വേഷണം നടത്തിയതോടെയാണ് ശല്യപ്പെടുത്തിയ ആൺകുട്ടികളെല്ലാം 13 വയസിൽ താഴെ പ്രായമുള്ളവരാണെന്ന് കണ്ടെത്തിയത്. ഇതോടെ മാതാപിതാക്കൾക്ക് നോട്ടീസ് നൽകുകയും ഇവരെ കേസിൽ അറസ്റ്റ് ചെയ്തെന്നുമാണ് പോലീസിന്റെ വിശദീകരണം.
പ്രതികളായ ആൺകുട്ടികൾ സ്കൂളിൽ പോകാതെ ഗ്രാമത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരാണെന്ന് എസ്എച്ച്ഒ അജയ് പാൽ സിംഗ് പ്രതികരിച്ചു.
പെൺകുട്ടിയും ആൺകുട്ടികളും പരസ്പരം അറിയുന്നവരല്ല. ഒന്നിലധികം തവണ ആൺകുട്ടികൾ പെൺകുട്ടിയെ ശല്യംചെയ്തിട്ടുണ്ട്. പ്രതികൾ പ്രായപൂർത്തിയാകാത്തവരാണെന്ന് കണ്ടെത്തിയതോടെ അവരുടെ മാതാപിതാക്കൾക്ക് നോട്ടീസ് നൽകി.
കുട്ടികളെ നല്ലരീതിയിൽ വളർത്തുന്നത് ഉറപ്പുവരുത്താത്ത മാതാപിതാക്കൾക്ക് കൃത്യമായ സന്ദേശം നൽകാനാണ് ആൺകുട്ടികളുടെ അമ്മമാരെ കസ്റ്റഡിയിലെടുത്തതെന്നും എസ്എച്ച്ഒ അജയ്പാൽ സിംഗ് പറഞ്ഞു.
സംഭവത്തിൽ ആൺകുട്ടികളുടെ പിതാക്കളെയും അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാലുപേരുടെയും പിതാക്കൾ നിലവിൽ ഉത്തർപ്രദേശിന് പുറത്ത് ജോലിചെയ്യുന്നവരാണ്. തിരിച്ചെത്തിയാൽ ഇവരെയും കേസിൽ അറസ്റ്റ് ചെയ്യുമെന്നും മോശമായി പെരുമാറുന്ന മറ്റുകുട്ടികളെ ഇത്തരം പ്രവൃത്തികളിൽനിന്ന് തടയാൻകൂടിയാണ് ഈ നടപടികളെന്നും എസ്എച്ച്ഒ പറഞ്ഞു.
National
കോൽക്കത്ത: സംഗീത പരിപാടിയിൽ മതേതര ഗാനം ആലപിക്കാത്തതിന് ബംഗാളി ഗായിക ലഗ്നജിത ചക്രവർത്തിയെ അധിക്ഷേപിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
ഈസ്റ്റ് മിഡ്നാപൂരിലെ ഭഗവാൻപൂരിലെ ഒരു സ്വകാര്യ സ്കൂളിൽ നടന്ന ലൈവ് ഷോയ്ക്കിടെ മെഹബൂബ് മല്ലിക് എന്നയാൾ തനിക്ക് നേരെ മോശം ഭാഷ ഉപയോഗിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ലഗ്നജിത ചക്രവർത്തി പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
"ബസാന്റോ എഷെ ഗെച്ചെ' എന്ന ബംഗാളി ഗാനത്തിലൂടെ പ്രശസ്തി നേടിയ ലഗ്നജിത ചക്രവർത്തി, "ജാഗോ മാ' എന്ന ജനപ്രിയ ആത്മീയ ഗാനം ആലപിക്കുമ്പോൾ മല്ലിക് വേദിയിൽ കയറി വന്ന് തന്നെ അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ പരാതി നൽകിയപ്പോൾ ഭഗവാൻപൂർ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കേസ് ഫയൽ ചെയ്യാൻ വിസമ്മതിച്ചുവെന്നും ഗായിക ആരോപിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയ്ക്ക് അവർക്കെതിരെയും നടപടിയെടുക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, ഗായിക പരാതിപ്പെട്ടയാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ അംഗമാണെന്ന് ബിജെപി ആരോപിച്ചു.
Kerala
ഇടുക്കി: കെട്ടിടം ക്രമവല്‍ക്കരിച്ച് നല്‍കുന്നതിനായി 50,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍.
ഇടുക്കി ഉടുമ്പന്‍ചോല പഞ്ചായത്തില്‍ അഡീഷണല്‍ ചാര്‍ജ്ജുള്ള പാമ്പാടുംപാറ പഞ്ചായത്ത് ഓവര്‍സിയര്‍ സേനാപതി നാരുവെള്ളിയില്‍ എച്ച്. വിഷ്ണു ആണ് പിടിയിലായത്.
ഉടുമ്പന്‍ചോല ചതുരംഗപ്പാറയിലെ അനീഷ്കുമാറിന്റെ സ്ഥലത്തുള്ള കടമുറി വിപുലീകരിക്കുന്നതിന് അപേക്ഷ നല്‍കിയിരുന്നു. അധികമായി നിര്‍മിക്കുന്ന ഭാഗം റഗുലറൈസ് ചെയ്യുവാന്‍ വിഷ്ണു 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഓവര്‍സീയറെ നേരില്‍ കണ്ടപ്പോഴായിരുന്നു പണം ആവശ്യപ്പെട്ടത്.
പണം ആവശ്യപ്പെട്ട വിവരം അനീഷ്കുമാര്‍ ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പിയെ അറിയിക്കുകയായിരുന്നു. വിജിലന്‍സിന്റെ ആവശ്യപ്രകാരം പണം കൈമാറുന്നതിനിടെയാണ് വിഷ്ണു പിടിയിലായത്. ഇയാളെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
Kerala
കോട്ടയം: അന്തർ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിൽപ്പെട്ട ഒരാളെ കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തു നിന്ന് നർക്കോട്ടിക് സെൽ അറസ്റ്റ് ചെയ്തു. കോട്ടയം മണിമല കോത്തലപ്പടി നേര്യന്തറയിൽ പയസ് ജേക്കബ് (50) ആണ് അറസ്റ്റിലായത്.
ഏഴ് കിലോ കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഒറീസയിൽ നിന്നും ട്രെയിൻ മാർഗം കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയതിനു പിന്നാലെയാണ് ഇയാളെ പിടികൂടിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവു കടത്തിക്കൊണ്ടു വന്ന് മണിമലയിലും സമീപ പ്രദേശങ്ങളിലും ചില്ലറ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി.
അടിപിടി ഉൾപ്പടെ നിരവധിക്കേസുകളിൽ പ്രതിയായ ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
Kerala
കൊച്ചി: യുവാക്കളെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. പാലക്കാട് വല്ലപ്പുഴ മനേക്കത്തോടി വീട്ടിൽ അനീസ് ബാബു (26), കടുങ്ങല്ലൂർ ഏലൂക്കര കാട്ടിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റാഫി (28) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബർ 29ന് ഫോർട്ട് കൊച്ചി സ്വദേശികളായ യുവാക്കളെ ഇവർ ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ലിയോൺ എന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവർ ഒട്ടേറെ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
Kerala
തലശേരി: പാനൂർ പാറാട്ട് ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസ് വാഹനം തകർക്കുകയും മുസ്ലിം ലീഗ് ഓഫീസ് ആക്രമിക്കുകയും വടിവാൾ ഉയർത്തി ഭീഷണി ഉയർത്തുകയും ചെയ്ത സംഘത്തിലെ പ്രതികളായ അഞ്ച് സിപിഎം പ്രവർത്തകരെ കർണാടകയിലെ ഒളിയിടത്തിൽ നിന്ന് പോലീസ് അറസ്റ്റുചെയ്തു.
ദൃശ്യമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലായി മാറിയ പാറാട്ടെ വടിവാൾ പ്രയോഗം നടത്തിയ പാറാട്ട് മൊട്ടേമ്മൽ ശരത്ത് (29), കുങ്കിച്ചീന്റവിട അതുൽ (32), പുത്തൂർ കല്ലായിന്റവിട അശ്വന്ത് (25), പട്ടർ വലിയത്ത് ശ്രീജിൻ (24), ശ്രുതിലയത്തിൽ ശ്രേയസ് (26) എന്നിവരെയാണ് കൂത്തുപറമ്പ് എസിപി എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൈസൂർ ബോഘാടിയയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
കർണാടകയിലേക്കു കടന്ന പ്രതികളെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികളെ വിശദമായി ചോദ്യംചെയ്തശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ആയുധങ്ങൾ കണ്ടെടുക്കുകയും തെളിവെടുപ്പു നടത്തുകയും ചെയ്യുമെന്നു പോലീസ് അറിയിച്ചു.
തെരഞ്ഞെടുപ്പുഫലം വന്ന ദിവസം ആഹ്ലാദപ്രകടനത്തിനിടെയാണു പാറാട്ട് അക്രമസംഭവങ്ങൾ അരങ്ങേറിയത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. മുഖ്യപ്രതി ശരത്ത് വാളുമായി ഒരു വീട്ടിൽ അതിക്രമിച്ചു കയറുകയും ഗൃഹനാഥനു നേരെ വാളുയർത്തുകയും ചെയ്യുന്ന ചിത്രം പുറത്തു വന്നിരുന്നു.
സംഭവത്തിൽ പ്രതികളായ നാല് സിപിഎം പ്രവർത്തകരെ നേരത്തെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ജീവൻ (30), റനീഷ് (31), ശ്രീജു (30), സച്ചിൻ (32) എന്നിവരെയാണ് നേരത്തെ കൊളവല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരേയാണു സംഭവത്തിൽ പോലീസ് കേസെടുത്തിരിക്കുന്നത്.
പാറാട്ടെ അക്രമത്തിൽ യുഡിഎഫ് പ്രവർത്തകർക്കെതിരേയും പോലീസ് കേസെടുക്കുകയും പ്രതികൾക്കായി റെയ്ഡ് നടത്തുകയും ചെയ്തു.
Kerala
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് പിന്നാലെ കണ്ണൂർ പാനൂരിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ. പാറാട് സ്വദേശികളായ അമൽ, ശ്രീജു, ജീവൻ, റെനീഷ്, സച്ചിൻ എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരം പാനൂരിൽ യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിന് നേരെ വടിവാളുമായി സിപിഎം പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് യുഡിഎഫ് പ്രവർത്തകരുടെ വീടുകളിൽ കയറിയ ഇവർ വടിവാളു വീശുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അതേമയം രാമന്തളിയിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിലും പയ്യന്നൂരിൽ യുഡിഎഫ് ഓഫീസിനുനേരെ അക്രമം നടത്തിയ സംഭവത്തിലും പ്രതികളെ പിടികൂടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായി പയ്യന്നൂർ പോലീസ് പറഞ്ഞു.
Kerala
ഒറ്റപ്പാലം: മണ്ണുമാന്തി യന്ത്രത്തിനു തീയിട്ട സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. കണ്ണിയംപുറം പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന മണ്ണുമാന്തി യന്ത്രം തീയിട്ട് നശിപ്പിച്ച തൂത്തുക്കുടി സ്വദേശി ഇസക്കിരാജി (24)നെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.
മറ്റൊരു മണ്ണുമാന്തി യന്ത്രത്തിന്റെ സഹായിയാണ് അറസ്റ്റിലായ ഇസക്കിരാജ. മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററും ഇസക്കിരാജും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് വാഹനം കത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ 7.30ഓടെയാണ് കണ്ണിയംപുറം തോടിന് സമീപം ഹിറ്റാച്ചി തീപിടിച്ച നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
Kerala
ആലപ്പുഴ: അമ്മയെ മർദിച്ചു കൊലപ്പെടുത്തിയ മകനെ പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര കല്ലുമല പുതുച്ചിറ സ്വദേശി കനകമ്മ സോമരാജൻ (69) കൊല്ലപ്പെട്ട സംഭവത്തിൽ ഏക മകൻ കൃഷ്ണദാസിനെ (39) പോലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്കു കാരണമെന്ന് പോലീസ് പറഞ്ഞു. കൃഷ്ണദാസിന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം അമ്മയാണെന്ന് പറഞ്ഞ് വഴക്കുണ്ടാവുമായിരുന്നു. ഞായറാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ കൃഷ്ണദാസ് കനകമ്മയെ മർദിച്ചിരുന്നു.
തുടർന്ന് നാട്ടുകാരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മാവേലിക്കര നഗരസഭയിലെ മുൻ കൗൺസിലറാണ് കൊല്ലപ്പെട്ട കനകമ്മ.
Kerala
എടക്കര: ഹണി ട്രാപ്പ് ഭീഷണിയെ തുടര്‍ന്ന് യുവ വ്യവസായി ജീവനൊടുക്കിയ കേസില്‍ നാലാം പ്രതി അറസ്റ്റില്‍. ചുങ്കത്തറ പൂക്കോട്ടുമണ്ണ സിന്ധുനിവാസിൽ സാബുവിനെയാണ് എടക്കര പോലീസും ഡാന്‍സാഫ് സംഘവും അറസ്റ്റ് ചെയ്തത്.
ചുങ്കത്തറ പള്ളിക്കുത്ത് കാവാലംകോട് സ്വദേശിയും ഡല്‍ഹിയില്‍ വ്യവസായിയുമായിരുന്ന തോണ്ടുകളത്തില്‍ രതീഷ് (42) ജീവനൊടുക്കിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. മൂത്തേടം കല്‍ക്കുളത്തുള്ള സഹോദരിയുടെ വീട്ടിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.
പോലീസ് വീട്ടിൽ നടത്തിയ തെരച്ചിലിൽ കട്ടിലിനടിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കേസിൽ ഇടപ്പലം സിന്ധു (41), ഭര്‍ത്താവ് ശ്രീരാജ് (44), സിന്ധുവിന്റെ ബന്ധുവായ കൊന്നമണ്ണ മടുക്കോലില്‍ പ്രവീണ്‍ (മണിക്കുട്ടന് ,38), കാക്കനാട്ടുപറമ്പില്‍ മഹേഷ് (25) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരനായ രതീഷ് കഴിഞ്ഞ ജൂണ്‍11നാണ് പള്ളിക്കുത്തിലെ വീട്ടില്‍ ജീവനൊടുക്കിയത്. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് രതീഷ് ഹണി ട്രാപ്പിന് ഇരയായതായി സൂചന ലഭിച്ചത്.
തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാല് പ്രതികള്‍ അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയായ സിന്ധു പലതവണ രതീഷില്‍ നിന്ന് പണം കൈപ്പറ്റിയിരുന്നു.
പണം തിരികെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സംഘം ഹണി ട്രാപ്പ് ആസൂത്രണം ചെയ്തത്. 2024 നവംബര്‍ ഒന്നിന് നാട്ടിലെത്തിയ രതീഷിനെ പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് സിന്ധു വീട്ടിലേക്ക് വിളിച്ചു വരുത്തി. സിന്ധുവിന്റെ വീട്ടിലെത്തിയ രതീഷിനെ പ്രതികള്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു.
കൂടുതല്‍ പണം ആവശ്യപ്പെടുകയും കിട്ടാതായപ്പോള്‍ നഗ്ന വീഡിയോകള്‍ പകര്‍ത്തുകയും രതീഷിന്റെ ഭാര്യക്ക് അയച്ചു കൊടുക്കുകയുമായിരുന്നു. തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായ രതീഷ് ജൂണ്‍ 11ന് ജീവനൊടുക്കുകയായിരുന്നു.
Kerala
മലപ്പുറം: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. കഴിഞ്ഞ ഒന്നിന് നിലമ്പൂരിൽ നടന്ന സംഭവത്തിൽ കുറത്തിയാർ പൊയിൽ സ്വദേശി മുഹമ്മദ് ഷാഹുൽ, പുളിക്കലോടി സ്വദേശികളായ സുബൈർ ബാബു, മുഹമ്മദ് നിയാസ് എന്നിവരാണ് പിടിയിലായത്.
ബാറിൽ നിന്ന് മദ്യം വാങ്ങി പോകുകയായിരുന്ന മൂന്ന് പേർ വീടിന് മുന്നിൽ ബഹളമുണ്ടാക്കിയിരുന്നു. വീട്ടുകാർ ചോദ്യം ചെയ്തതോടെ ഇവര്‍ ഗേറ്റ് തുറന്ന് വീടിന്റെ മുറ്റത്ത് നിർത്തിയിട്ട കാറിന് മുകളിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയും മറ്റു രണ്ടു കാറുകൾ കത്തിക്കാൻ ശ്രമിക്കുകയുമായിരുന്നു.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
Kerala
കണ്ണൂർ: മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പേഴ്സൺ സ്റ്റാഫ് ചമഞ്ഞ് പണപ്പിരിവ് നടത്തിയ കേസിലെ പ്രതി പിടിയിൽ. പറശിനിക്കടവ് സ്വദേശി ബോബി എം. സെബാസ്റ്റ്യനെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.
മന്ത്രിയുടെ അഡീഷണനൽ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് ചികിത്സാ സഹായത്തിന് 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കണ്ണൂരിലെ ഒരു ഹോട്ടൽ ജീവനക്കാരൻ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കുടുങ്ങുകയായിരുന്നു. ഇയാൾ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അറിയാൻ അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: ഫെയ്സ്ബുക്കിലൂടെ യുവതിയെ അപമാനിച്ച കേസിൽ യുട്യൂബർ അറസ്റ്റിൽ. തിരുവനന്തപുരം നേമം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോട്ടയം വേളൂർ പതിനഞ്ചിൽകടവ് ഭാഗം സ്വദേശി പി.ജെറിൻ (39) ആണ് പിടിയിലായത്.
വോയിസ് ഓഫ് മലയാളി എന്ന ഫേസ്ബുക്ക് പേജിന്റെ ഉടമയാണ് പ്രതി. യുവതിയെ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ മോശമായി ചിത്രീകരിച്ചെന്ന പരാതിയിലാണ് നടപടി. പ്രതിയുടെ കമ്പ്യൂട്ടറും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു.
Kerala
തൃശൂർ: അതിർത്തി തർക്കത്തിനിടെ തലയ്ക്കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. തൃശൂർ നെടുപുഴയിലുണ്ടായ സംഭവത്തിൽ വടൂക്കര സ്വദേശി സന്തോഷ് (54) ആണ് മരിച്ചത്.
കോൾപാടത്തെ അതിർത്തി തർക്കത്തിനിടെ അയൽവാസി കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തിൽ അയൽവാസിയായ ഗണേഷ് റിമാൻഡിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
പെരിന്തൽമണ്ണ : മാനസിക വെല്ലുവിളി നേരിടുന്ന പത്താം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച ആത്മീയ ചികിത്സകൻ അറസ്റ്റിൽ. മണ്ണാർക്കാട് പയ്യനടംപള്ളിക്കുന്ന് ചോല മുഖത്ത് മുഹമ്മദ് റഫീഖ് (43) ആണ് അറസ്റ്റിലായത്.
പെരിന്തൽമണ്ണ -പട്ടാമ്പി റോഡിലുള്ള ഇയാളുടെ ക്ലിനിക്കിൽവച്ച് കഴിഞ്ഞ മാർച്ചിലായിരുന്നു പീഡനം. തുടർന്ന് സുഹൃത്തിനോട് ഈകാര്യം കുട്ടി പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് പാലക്കാട് ചൈൽഡ് ലൈൻ പ്രവർത്തകർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. പ്രതി സമാന കൃത്യം ചെയ്തിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
National
ന്യൂഡൽഹി: രാജസ്ഥാനിലും മറ്റ് നിരവധി സംസ്ഥാനങ്ങളിൽ നിന്നും പെട്രോളിയം പൈപ്പ്ലൈനുകളിൽ നിന്നും ഇന്ധനം മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ. പശ്ചിമ ഡൽഹിയിലെ വികാസ്പുരിയിൽ നിന്നാണ് ഇവരെ പിടികൂടിയത്.
പ്രതികളായ 55 കാരനായ സ്വർൺ സിംഗ്(55), സഹോദരീഭർത്താവ് ധർമേന്ദർ (റിങ്കു-50) എന്നിവരാണ് പിടിയിലായത്.
പിടികിട്ടാപ്പുള്ളികളായിരുന്ന ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഹരിയാനയിലും പഞ്ചാബിലും നിരവധി കേസുകളിൽ പ്രതികളാണ് ഇവരെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ക്രൈം) ഹർഷ് ഇന്തോറ പറഞ്ഞു.
ഡൽഹി വിമാനത്താവളത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് 1992 ലാണ് സ്വർൺ സിംഗിനെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.
ഭൂഗർഭ പെട്രോളിയം പൈപ്പ്ലൈനുകൾക്ക് സമീപം സ്ഥലം വാടകയ്ക്കെടുക്കുകയും, തുരങ്കങ്ങൾ കുഴിച്ച്, ഇംപ്രൊവൈസ്ഡ് വാൽവ് സംവിധാനങ്ങൾ സ്ഥാപിച്ച് ഇന്ധനം മോഷ്ടിക്കുകയുമായിരുന്നു ഇവരുടെ രീതി. ജയ്പൂർ, ഗുരുഗ്രാം, ബതിന്ദ, കുരുക്ഷേത്ര, ഡൽഹിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ഇവർ മോഷണം നടത്തി.
ധർമേന്ദർ, സ്വർൺ സിംഗിന്റെ സഹായിയാണ്. ഇവർ ഡീസലും പെട്രോളും ഡ്രൈവർമാർക്ക് വിൽക്കാറുണ്ടായിരുന്നുവെന്നും എയർ ടർബൈൻ ഇന്ധനം മണ്ണെണ്ണയ്ക്ക് പകരമായി ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു.
നേരത്തെ, നിയമവിരുദ്ധമായി ഭൂഗർഭ പൈപ്പ്ലൈനിൽ വാൽവ് ബന്ധിപ്പിച്ചത് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് രാജസ്ഥാനിൽ ബിഎൻഎസിലെ പ്രസക്തമായ വകുപ്പുകൾ, പെട്രോളിയം ആൻഡ് മിനറൽസ് പൈപ്പ്ലൈൻസ് ആക്ട്, പൊതു സ്വത്തിന് നാശനഷ്ടങ്ങൾ തടയൽ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ ഒരു അറസ്റ്റ് ഉണ്ടാകുമെന്നു തന്നെയാണ് കേരളം പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പത്തനംതിട്ട പ്രസ്ക്ലബില്‍ "തദ്ദേശം 2025 മീറ്റ് ദി ലീഡര്‍' പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തെരഞ്ഞെടുപ്പു കാലം ആയതുകൊണ്ടാകാം ആ അറസ്റ്റ് വൈകുന്നത്. അറസ്റ്റ് വൈകിപ്പിക്കാന്‍ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദമുണ്ടാകാമെന്നും സതീശന് പറഞ്ഞു. ഉണ്ണികൃഷ്ണന് പോറ്റിയെ ദേവസ്വം ബോര്‍ഡിലേക്ക് എത്തിച്ചതിനു പിന്നില്‍ പ്രേരകമായ ഒരാളുണ്ട്. ആ ആളിന്റെ അറസ്റ്റാണ് ഉണ്ടാകേണ്ടതെന്നും സതീശൻ കൂട്ടിച്ചേർത്തു.
എ. പത്മകുമാറിനെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാതിരുന്നത് അദ്ദേഹത്തെ ഭയപ്പെട്ടിട്ടാണ്. പത്മകുമാറിനെ പ്രകോപിപ്പിച്ചാല്‍ അദ്ദേഹം പലതും വിളിച്ചു പറയുമോയെന്ന ഭയം സിപിഎമ്മിനുണ്ട്. സ്വര്‍ണക്കൊള്ളക്കാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ ശക്തമായ നടപടിയാണ് കോണ്‍ഗ്രസ് എടുത്തത്. പാര്‍ട്ടിയുടെ മുമ്പില്‍ ഒരു പരാതി പോലും വരാതെ സംഘടനാപരമായ നടപടിയെടുത്തു. തെറ്റായ കാര്യങ്ങള്‍ ആരു ചെയ്താലും അവരെ കോണ്‍ഗ്രസ് സംരക്ഷിക്കില്ല. തെരഞ്ഞെടുപ്പു കാലത്ത് ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും സതീശൻ ആരോപിച്ചു.
ശബരിമല തീര്‍ഥാടനക ക്രമീകരണങ്ങളിലും ഗുരുതര വീഴ്ചയുണ്ടായി. ശബരിമലയിലെ സ്ഥിതി ഭയാനകമെന്ന് ചുമതലയേറ്റ് രണ്ടാംദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനു പറയേണ്ടിവന്നു. തീര്‍ഥാടനകാലം ആരംഭിക്കുന്നതിന് ആറുദിവസം മുമ്പാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. മണ്ഡലകാല ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലമാണെന്ന വാദം വസ്തുകകള്‍ക്കു നിരക്കുന്നതല്ല.
ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് അലയടിക്കുകയാണ്. മസാല ബോണ്ടുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി കേന്ദ്ര ഏജന്‍സി അന്വേഷിക്കുക തന്നെ വേണം. കോടികളുടെ അഴിമതി ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇഡി ഒന്നും ചെയ്യുകയില്ലെന്നും ഭയപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും സതീശന് പറഞ്ഞു.
Kerala
തിരുവനന്തപുരം: വനിതാ സ്ഥാനാർഥിക്കും ഭർത്താവിനും മർദനമേറ്റ സംഭവത്തിൽ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം പഞ്ചായത്ത് പുതുകുറിച്ചി വാർഡിൽ നിന്ന് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി എയ്ഞ്ചലിനും ഭർത്താവിനുമാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്.
സംഭവത്തിൽ കഠിനംകുളം സ്വദേശികളായ ആദികേശവ്, സന്ദീപ്, ഹരീഷ് എന്നിവരാണ് പിടിയിലായത്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഞായറാഴ്ച രാത്രി ഒമ്പതിന് വീടിനു മുന്നിൽ നാലംഗ സംഘം ബഹളം വച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ എയ്ഞ്ചലും ഭർത്താവും ആശുപത്രിയിൽ ചികിത്സതേടി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
Kerala
കായംകുളം: ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് മാവേലിക്കര കോടതിയിലെ അഭിഭാഷകനായ മകൻ അച്ഛനെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. കായംകുളം കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നവജിത്ത് (30) ആണ് പിതാവ് നടരാജനെ (63) വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി 9.30 നാണ് നാടിനെ നടുക്കിയ സംഭവം. ഗുരുതരമായി പരിക്കേറ്റ അമ്മ സിന്ധുവിനെ (48) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടരാജന്റെ മുഖം ആകെ വെട്ടുകൊണ്ട് വികൃതമായ നിലയിൽ ആയിരുന്നു. മുഖത്തും തലയ്ക്കുമാണ് ക്രൂരമായി വെട്ടേറ്റത്.
മാതാപിതാക്കളുമായി ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. വെട്ടുകത്തിയുമായി ആക്രമണം നടത്തിയ ശേഷം നവജിത്ത് അലറി വിളിച്ചു ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ നവജിത്ത് രക്തം പുരണ്ട കത്തിയുമായി വീടിന്റെ മുകളിലത്തെ നിലയിൽ നിലയുറപ്പിച്ച് നിൽക്കുന്നതാണ് നാട്ടുകാർ കണ്ടത്. രക്തം വാർന്നു കിടക്കുന്ന നടരാജനെയും സിന്ധുവിനെയും ഉടൻതന്നെ നാട്ടുകാർ കായംകുളം താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് മാവേലിക്കരയിലേക്കും എത്തിച്ചെങ്കിലും നടരാജന്റെ ജീവൻ രക്ഷിക്കാനായില്ല.
ചോരപുരണ്ട കത്തിയുമായി ഭീഷണി മുഴക്കി നിന്ന പ്രതിയെ പോലീസിനു കീഴ്പ്പെടുത്താൻ ഏറെ നേരത്തെ പരിശ്രമം വേണ്ടിവന്നു. ഒടുവിൽ, പോലീസ് സാഹസികമായി കയറുപയോഗിച്ചു വരിഞ്ഞുമുറുക്കിയാണ് നവജിത്തിനെ കീഴടക്കി അറസ്റ്റ് ചെയ്തത്.
കൊലപാതകം നടക്കുമ്പോൾ നവജിത്തിന്റെ മറ്റ് സഹോദരങ്ങളായ നിധിൻരാജ്, നിധിമോൾ എന്നിവർ വീട്ടിൽ ഉണ്ടായിരുന്നില്ല. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്നും പോലീസ് അറിയിച്ചു. അതേസമയം, ഇയാൾ ലഹരി ഉപയോഗിക്കുന്ന ആളാണെന്നും അതു മാതാപിതാക്കൾ ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണമെന്നും നാട്ടുകാർ പറയുന്നു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് മതപണ്ഡിതനുൾപ്പടെ മൂന്നുപേരെ എസ്ഐടി അറസ്റ്റ് ചെയ്തു. ഇമാം മുഹമ്മദ് ആസിഫിനെയും ഇയാളുടെ രണ്ട് സഹായികളെയും ഉത്തരാഖണ്ഡിൽ ഹൽദവാനിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ സംഘം പറഞ്ഞു.
സ്ഫോടനം നടത്തിയ ഉമർ നബിയുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഉമർ നബിയുമായി ഇമാം മുഹമ്മദ് ആസിഫ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ചെങ്കോട്ട സ്ഫോടനത്തിൽ വിദേശത്ത് നിന്ന് ഭീകരരെ നിയന്ത്രിച്ചത് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകളും പുറത്ത് വന്നിരുന്നു.
ഉമർ അടക്കമുള്ളവരുമായി വിദേശത്തുള്ള ഭീകരൻ അഞ്ച് വർഷം മുൻപേ ബന്ധം സ്ഥാപിച്ചെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ഭീകരരുടെ ഇലക്ട്രോണിക് ഉപകരങ്ങളുടെ പരിശോധനയിൽ നിന്നാണ് പാക്കിസ്ഥാനിലേക്കും അഫ്ഗാനിലേക്കും നീളുന്ന കണ്ണികളെ കുറിച്ച് കൂടുതൽ തെളിവുകൾ ലഭിച്ചത്.
Kerala
തേഞ്ഞിപ്പലം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പിൽ പോർവിളി നടത്തിയതിന് പിന്നാലെ മുസ്ലീം ലീഗ് നേതാവിനെ മർദിച്ച രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ചേലേമ്പ്ര കുറ്റിപ്പാല സ്വദേശി പടിഞ്ഞാറെ കോട്ടായിൽ അബ്ദു സലാമിനാണ് മർദനമേറ്റത്.
സംഭവത്തിൽ ചേലേമ്പ്ര കൊളക്കാട്ടുചാലി സ്വദേശി പറമ്പിൽ അനൂപ് (43), ചേലൂപ്പാടം സ്വദേശി ചേളാശേരി പറമ്പിൽ സജിത്ത് (33)എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച രാത്രി 11.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. വാട്ട്സ് ഗ്രൂപ്പിലുണ്ടായ രാഷ്ട്രീയ തർക്കം ഒടുവിൽ വ്യക്തിപരമായ വെല്ലുവിളിയിലേക്ക് എത്തുകയും സിപിഎം പ്രവർത്തകർ ലീഗ് നേതാവിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയുമായിരുന്നു.
ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് തലക്ക് സാരമായി പരിക്കേറ്റ അബ്ദുൾ സലാം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി : മാജിക് ബ്രിക്സ് എന്ന റെന്റൽ ആപ്ലിക്കേഷനിൽ വീട് വാടകക്ക് നൽകാൻ പരസ്യം നൽകി തട്ടിപ്പ് നടത്തിയ പ്രതിയെ രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്തു. കൊച്ചി സ്വദേശികളായ ദമ്പതികളിൽ നിന്നും പണം തട്ടിയ കേസിലെ പ്രതി വിക്രം സർധന (29) നെ രാജസ്ഥാനിലെ മനോഹർപൂരിൽ നിന്നും കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് പിടികൂടിയത്.
ആയുധ കടത്തു ഉൾപ്പെടെ ആറോളം കേസിലെ പ്രതിയാണ് വിക്രം സർധന. പ്രതിയുടെ ക്രിമിനൽ സ്വഭാവം മനസിലാക്കിയത് കൊണ്ട് മഹർപ്പൂർ പോലീസിന്റെയും രാജസ്ഥാനിലെ സ്പെഷ്യൽ ഓപ്പറേഷൻ ടീമുമായി സഹകരിച്ചാണ് പ്രതിയുടെ വീട് വളഞ്ഞ് ഇയാളെ പിടികൂടിയത്. കേരളത്തിൽ എത്തിച്ച പ്രതിയെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡു ചെയ്തു.
സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് കമ്മീഷണർ സുൽഫിക്കാറിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ഷമീർ ഖാൻ, എഎസ്ഐ ശ്യാം, എസ്സിപിഒമാരായ ആർ.അരുൺ, നിഖിൽ ജോർജ്, അജിത് രാജ് തുടങ്ങിയവർ അടങ്ങുന്ന സംഘം പതിനൊന്നു ദിവസം നീണ്ടു നിന്ന ഓപ്പറേഷനിലൂടെ പ്രതിയെ പിടികൂടിയത്.
Kerala
തൃശൂർ: എസ്ഐആര്‍ ഫോം പൂരിപ്പിച്ച് വാങ്ങുന്നതിനായി വീട്ടിലെത്തിയ വനിതാ ബിഎല്‍ഒയെ അസഭ്യംപറഞ്ഞ കേസിൽ യുവാവ് അറസ്റ്റിൽ. കഴിഞ്ഞ 24ന് നടന്ന സംഭവത്തിൽ ചേലക്കര പത്തുകുടി റോഡിൽ കരുണാകരത്ത് പറമ്പിൽ മധു (41) ആണ് അറസ്റ്റിലായത്.
പത്തുകുടി 83-ാം ബൂത്തിലെ വനിതാ ബിഎല്‍ഒയെയാണ് ഇയാൾ അസഭ്യംപറഞ്ഞത്. തുടർന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ബിഎൽഒ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അറസ്റ്റിലായ മധു മുൻപ് പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്. ബിഎല്‍ഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി.
Kerala
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ കഞ്ചാവ് വേട്ടയിൽ കഞ്ചാവു കടത്തിയത് സുഖ്ലാലെന്ന് പോലീസ്. റെയില്‍വേ സ്റ്റേഷനില്‍ വില്പനയ്ക്കെത്തിച്ച 56 കിലോ കഞ്ചാവുമായി റെയില്‍വേയിലെ ഒരു കരാര്‍ ജീവനക്കാരനെയും രണ്ട് എറണാകുളം സ്വദേശികളെയും എറണാകുളം റെയില്‍വേ പോലീസാണ് പിടികൂടിയത്. കരാര്‍ ജീവനക്കാരനായ ആസാം സ്വദേശി സുഖ്ലാൽ, കഞ്ചാവ് വാങ്ങാനെത്തിയ എറണാകുളം സ്വദേശികളായ സനൂപ്, ദീപക് എന്നിവരാണ് റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
ടാറ്റ നഗര്‍ എക്സ്പ്രസില്‍ ലഗേജ് ബോഗിക്കുള്ളില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്. ഇന്നു പുലര്‍ച്ചെ ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. വിജയവാഡയില്‍ നിന്ന് സുഖ്ലാല് എത്തിച്ച കഞ്ചാവ് വാങ്ങാൻ എത്തിയതായിരുന്നു സനൂപും ദീപക്കും. മുമ്പും സമാനരീതിയില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
Kerala
മലപ്പുറം: പൂക്കോട്ടൂർ പള്ളിമുക്കിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. പള്ളിമുക്ക് സ്വദേശി അമീര്‍ സുഹൈല്‍ (26) ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരൻ ജുനൈദിനെ (28) മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.
പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. വീട്ടിലെ കടം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ അടുക്കള ഭാഗത്താണ് അമീറിന്റെ മൃതദേഹം കിടന്നിരുന്നത്.
കൊലപാതകത്തിന് ശേഷം കുത്തിയ കത്തിയുമായി പ്രതി ജുനൈദ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാളെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കി കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കോട്ടയം: കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽകുമാറിനേയും (ടിറ്റോ) മകൻ അഭിജിത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
കൊച്ചി: എറണാകുളം തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമ കോന്തുരുത്തി സ്വദേശി ജോര്‍ജിനെ (61)എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.
ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് സഹകരിച്ചെങ്കിലും പിന്നീട് കൊലപാതകം നടത്തിയെന്ന് കുറ്റസമ്മതം നടത്തി. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അതേസമയം കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
വെള്ളിയാഴ്ച രാത്രി എറണാകുളം ഗവ. ഗേള്‍സ് ഹൈസ്കൂളിനു സമീപത്തു നിന്നാണ് ജോര്‍ജ് ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുവന്നത്. വീട്ടിലെത്തിയ ശേഷം സ്ത്രീയുമായി പണത്തെ ചൊല്ലി തര്‍ക്കമുണ്ടായി.
തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഇരുമ്പിന്റെ ആയുധം കൊണ്ട് തലയ്ക്കടിച്ചു. അതിനുശേഷം കയറുകൊണ്ട് വലിച്ചിഴച്ച് പുറത്തേക്ക് എത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഇയാള്‍ മദ്യപിച്ചിരുന്നതിനാൽ കുഴഞ്ഞുപോയി. പിന്നീടാണ് മൃതദേഹത്തിനു സമീപം കിടന്ന് ഉറങ്ങിയത്.
ഇന്ന് രാവിലെ ആറിനാണ് ഹരിത കര്‍മസേനാംഗത്തിലെ സ്ത്രീ ജോര്‍ജിന്റെ വീട്ടുവളപ്പില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് രക്തപ്പാടുകളും ഉണ്ടായിരുന്നു. മൃതദേഹം കിടന്നിരുന്ന സ്ഥലത്തെ മതിലില്‍ ചാരിയിരുന്ന് ഉറങ്ങുന്ന നിലയില്‍ ജോര്‍ജും ഇരിപ്പുണ്ടായിരുന്നു.
കൊല്ലപ്പെട്ട സ്ത്രീയുടെ തല മുതല്‍ അരവരെയുള്ള ഭാഗം ചാക്കുകൊണ്ട് മൂടിയ നിലയിലായിരുന്നു. അരയ്ക്ക് കീഴോട്ട് നഗ്നമായ നിലയിലായിരുന്നു. ഡിവിഷന് കൗണ്‍സിലറും പ്രദേശവാസികളും അടുത്തെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന ജോര്‍ജ് തന്നെയൊന്ന് പിടിച്ച് എഴുന്നേല്‍പ്പിക്കാമോയെന്നു ചോദിച്ചു. ഉടന്‍തന്നെ കൗണ്‍സിലര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ജോര്‍ജ് വര്‍ഷങ്ങളായി കുടുംബസമേതം ഇവിടെ താമസിക്കുകയാണ്. ഇയാള്‍ പ്രായമായവരെ നോക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. എന്നാല്‍, മകളുടെ കുഞ്ഞിന്റെ പിറന്നാളുമായി ബന്ധപ്പെട്ട് ജോര്‍ജും ഭാര്യയും പാലായിലെ വീട്ടില്‍ എത്തിയിരുന്നു. ഇതിനുശേഷം വ്യാഴാഴ്ച രാത്രി ജോര്‍ജ് കോന്തുരുത്തിയിലെ വീട്ടില്‍ തനിച്ച് എത്തിയിരുന്നു. ഭാര്യ മകളുടെ വീട്ടില്‍ തന്നെ നിന്നു. ഇവരുടെ മകന് വിദേശത്താണ്.
ഇന്നു പുലര്‍ച്ചെ മൂന്നിനു സമീപത്തെ വീടുകളില്‍ ചാക്ക് അന്വേഷിച്ച് ജോര്‍ജ് എത്തിയിരുന്നുവെന്നു പറയുന്നു. ചത്ത് കിടക്കുന്ന നായയെ മൂടിയിടാനാണെന്ന് പ്രദേശവാസികളോട് പറഞ്ഞെങ്കിലും ആരുടെയും വീടുകളില്‍ ചാക്ക് ഉണ്ടായിരുന്നില്ല. പിന്നീട് ഇയാള്‍ കടയില്‍നിന്ന് ചാക്ക് വാങ്ങിയെന്നും പറയുന്നു.
ഈ വീട്ടില്‍ നിന്ന് പുലര്‍ച്ചെ ശബ്ദം കേട്ടിരുന്നുവെന്ന് ഇവിടെ വാടകയ്ക്ക് താമസിക്കുന്ന അതിഥിത്തൊഴിലാളികളും പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് അതിഥിത്തൊഴിലാളികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇവര്‍ക്ക് സംഭവവുമായി പങ്കില്ലെന്ന് മനസിലായി. പോലീസ് ഇന്‍ക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
Kerala
കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അടുത്ത വിക്കറ്റ് ഉടൻ വീഴുമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. എ.പത്മകുമാറിന്റെ അറസ്റ്റോടെ സർക്കാരും സിപിഎം നേതൃത്വവും നടത്തിയ ഗൂഢാലോചന തെളിഞ്ഞു.
തെളിവുകൾ നശിപ്പിക്കുന്നതിനു മുൻപ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും അറസ്റ്റ് ചെയ്യാൻ എസ്ഐടി തയാറാവണം. മുഖ്യമന്ത്രി പിണറായി വിജയന്റെയും കടകംപള്ളി സുരേന്ദ്രന്റെയും വിശ്വസ്തനായ അനുയായിയാണ് എ.പത്മകുമാർ.
പല പേരുകൾ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും കടകംപള്ളിയും മുഖ്യമന്ത്രിയും അതീവ താൽപര്യമെടുത്താണ് പത്മകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കിയത്. സ്വർണക്കൊള്ളയിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും കൈകൾ ശുദ്ധമാണെന്ന് പറയുന്നതിൽ ന്യായമില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
National
ബംഗളൂരു: എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന ഏഴുകോടി രൂപ കൊള്ളയടിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ഇതിലൊരാൾ ഗോവിന്ദരാജ നഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ്. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, രണ്ടാമത്തെയാൾ മലയാളിയും ബാങ്കിനായി പണം വിതരണം ചെയ്യുന്ന ഏജൻസിയിലെ മുൻ ജീവനക്കാരനുമാണെന്നാണ് വിവരം. ഇയാൾ അടുത്തിടെയാണ് ജോലിയിൽ നിന്നു രാജിവച്ചത്.
ഇരുവരും കഴിഞ്ഞ ആറു മാസമായി സൗഹൃദത്തിലായിരുന്നെന്നും ഏറെ നാളായി ആസൂത്രണം ചെയ്താണ് കവർച്ച നടത്തിയതെന്നും പോലീസ് പറയുന്നു. കവർച്ച നടന്ന സമയത്ത് ഇരുവരും തുടർച്ചയായി വിളിച്ചിരുന്നതായി കോൾ ഡേറ്റ റെക്കോർഡ് പരിശോധനയിൽ കണ്ടെത്തി.
അഞ്ച് പേരടങ്ങുന്നതാണ് കവർച്ച സംഘമെന്നാണ് ബംഗളൂരു പോലീസ് അറിയിക്കുന്നത്.
Kerala
കൊച്ചി: സംസ്ഥാനത്ത് ലഹരിക്കേസുകളിൽ കഴിഞ്ഞ ഒമ്പതു മാസത്തിനിടയിൽ പിടിയിലായത് 108 ഇതര സംസ്ഥാനക്കാർ. 74 കേസുകളിലായാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. ദീർഘദൂര ട്രെയിനുകളിൽ കടത്തി കൊണ്ട് വന്ന മയക്കുമരുന്നുകൾ പോലീസ് പിടിച്ചെടുത്ത് 26 കേസുകൾ രജിസ്റ്റർ ചെയ്തു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘങ്ങളെ കണ്ടെത്തുന്നതിനായി ഡാൻസാഫ് സംഘം നടത്തിയ ലഹരി വേട്ടയിൽ ഒമ്പതു മാസത്തിനിടെ 149 പേരാണ് അറസ്റ്റിലായത്. 111 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗമാണ് കേരളത്തിലേക്ക് ലഹരിമരുന്നുകൾ കൂടുതലായും എത്തുന്നത്.
പോലീസ് പിടികൂടുന്നതിൽ ഏറെയും കഞ്ചാവാണ്. പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവ് എത്തുന്നത്. അവിടെ നിന്ന് നിസാര വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് സംസ്ഥാനത്ത് എത്തിച്ച് വൻ തുകയ്ക്കാണ് വിൽപ്പന നടത്തുന്നത്.
ബംഗളൂരു, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് പഴം, പച്ചക്കറി ലോറികളിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘങ്ങളും അടുത്തിടെ പോലീസ് പിടിയിലായിരുന്നു. കഴിഞ്ഞ മാർച്ചിൽ കളമശേരി ഗവ. പോളിടെക്നിക് മെൻസ് ഹോസ്റ്റലിൽ നിന്ന് വൻ തോതിൽ കഞ്ചാവ് പിടികൂടിയിരുന്നു.
വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയത് ഇതര സംസ്ഥാനക്കാരായിരുന്നു. ഡാൻസാഫ് സംഘം നടത്തിയ ലഹരി വേട്ടയാണ് നടൻ ഷൈൻ ടോം ചാക്കോ, റാപ്പർ വേടൻ എന്നിവരുടെ അറസ്റ്റിലേക്ക് നയിച്ചതും.
Kerala
തിരുവല്ല: കുറ്റൂരിൽ 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഇതരസംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. ബംഗാൾ സ്വദേശികളായ പ്രതികൾക്കെതിരേ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയതായി പോലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വീട്ടിൽനിന്ന് ഏകദേശം അരക്കിലോമീറ്റർ അകലെയാണ് പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്.
പെൺകുട്ടിയുടെ വീടിന് സമീപത്ത് എത്തിയ പ്രതികൾ, കുട്ടി പുറത്തുനിൽക്കുന്നത് കണ്ടു. ഇതോടെ ഇരുവരും വീടിനുള്ളിൽ കയറി ഒളിച്ചിരിക്കുകയും ചെയ്തു. പിന്നീട് പെൺകുട്ടി വീടിനുള്ളിലേക്ക് എത്തിയതോടെ, വായ പൊത്തിപ്പിടിച്ച് ശൗചാലയത്തിലെത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് വിവരം.
Kerala
കൊച്ചി: വില്പനയ്ക്കെത്തിച്ച കഞ്ചാവും ബ്രൗണ്‍ ഷുഗറുമായി രണ്ട് ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍. ബീഹാര്‍ സീതാമരി സ്വദേശികളായ സിറാജുദീന്‍ (35), ഫൈസല്‍ ഷേക്ക് (20) എന്നിവരാണ് പിടിയിലായത്.
ദേശാഭിമാനി റോഡ് ഈച്ചരങ്ങാട്ട് ലൈനിന് സമീപത്ത് നിന്നാണ് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം ഇവരെ പിടികൂടിയത്.
പിടിയിലായ പ്രതികളില്‍ നിന്ന് 4.084 ഗ്രാം കഞ്ചാവും 1.75 ഗ്രാം ബ്രൗണ്‍ ഷുഗറും 28,600 രൂപയും കണ്ടെടുത്തു.